Monday, 25 May 2015

പാശ്ചാത്യ സംസ്‌ക്കാരം ഇന്ത്യയില്‍ സ്വാധീനം പുതുതലമുറയില്‍

മഹത്തായ ഒരു പൈതൃകത്തിന് അവകാശികള്‍ ആണ് നമ്മള്‍. കൈമുതലായതിനെ എന്നും പുച്ഛിച്ചു തള്ളി മാത്രം ശീലിച്ച നമുക്ക് ഈ തണലിന്റെ ശീതളിമ അനുഭവിക്കാനുള്ള ഭാഗ്യമില്ല. നമുക്കിഷ്ടം സായിപ്പ് ചവച്ചു തുപ്പിയ പാശ്ചാത്യ സംസ്കാരത്തോടാണ് .
വാലന്റൈൻസ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്സ് ഡേ , ഇങ്ങനെ ഉള്ള "ഡേ" കളിലാണ് ഇപ്പോള്‍ മലയാളിയുടെ ജീവിതം. ഈ "ഡേ" കളൊക്കെ മലയാളി ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. സായിപ്പ് തുടങ്ങി വച്ചു അവര്‍ തന്നെ ഉപേക്ഷിച്ചു തുടങ്ങിയ ഈ "ഡേ" ആഘോഷങ്ങള്‍ തപ്പിപിടിച്ചെടുത്ത്‌ കൊണ്ടാടാന്‍ മലയാളികള്‍ കാണിക്കുന്ന ഈ വ്യഗ്രത നമ്മുടെ തനതായ ഓണം ആഘോഷിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പച്ച പരിഷ്കാരികള്‍ എന്ന് സ്വയം വിശ്വസിച്ചു അഹങ്കരിച്ചു നടക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് എന്ത് ഓണം? 
തങ്ങളുടെ ജീവിതത്തില്‍ ഒരു ഘടകമേ അല്ലാത്ത സ്വന്തം മാതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം. ഇതായിരുന്നു മദേഴ്സ് ഡേക്ക് പുറകിലുള്ള സായിപ്പിന്റെ ആശയം. അമ്മയോടുള്ള സ്നേഹം ഒരു ആശംസയിലൂടെയോ അല്ലെങ്കില്‍ ഒരു റോസാ പുഷ്പത്തിലുടെയോ പ്രകടിപ്പിക്കാം എന്ന് കരുതുന്ന സായിപ്പിനു അമ്മയുടെ മുലപ്പാലിന്റെ മാധുര്യം അറിയില്ല. അത് അവരുടെ സംസ്കാരം അവരുടെ ജീവിത രീതി. പക്ഷെ സ്വന്തം അമ്മയെ ദൈവമായി കരുതുന്ന പാരമ്പര്യത്തിനു ഉടമകളായ നമ്മള്‍ ഈ പോങ്ങച്ചങ്ങളുടെയും പ്രകടനങ്ങളുടെയും പുറകെ പോകുന്നതെന്തിനാണ്? ആലോചിക്കണം. ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതുപോലെ തന്നെ നമ്മള്‍ എഴുതി തള്ളിയ ഒന്നാണ് നമ്മുടെ പാരമ്പര്യ സ്വത്തായ "ആയുര്‍വേദം" . പാശ്ചാത്യര്‍ പോലും ഇരു കയ്യും നീട്ടി ഈ ചികിത്സ രീതിയെ സ്വീകരിക്കുമ്പോള്‍ അത് വെറും മേനി നടിക്കല്‍ അല്ല. "തിരിച്ചറിവാണ്‌" എന്ന് നമുക്കു മാത്രം എന്താണ് മനസ്സിലാകാത്തത് ? അതോ ഇംഗ്ലീഷ് മരുന്നുകള്‍ക്കേ തങ്ങളുടെ രോഗങ്ങള്‍ക്ക്‌ ശാന്തി തരാന്‍ കഴിയൂ എന്ന് ചിന്തിച്ചു തുടങ്ങിയോ മലയാളിയും?
കല്പക വൃക്ഷത്താല്‍ അനുഗ്രഹീതമായ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പുതിയ തലമുറയുടെ ദാഹശമനി "കോള"യാണ്. വിഷാംശം കലര്‍ന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മള്‍ ഇതു വാങ്ങി ഉപയോഗിക്കുന്നതും. അതെന്തിന് വേണ്ടിയാണെന്നു മാത്രം ചോദിക്കരുത്. കാരണം ശരീരത്തിനു ഗുണപ്രദമായ കരിക്കിന്‍ വെള്ളമോ പ്രകൃതി കനിഞ്ഞു നല്കിയ ഏതെങ്കിലും പാനീയമോ ആണ് നമുക്ക് കുടുതല്‍ ഇഷ്ടമെന്ന് പറഞ്ഞു പോയാല്‍ എന്താകും നമ്മുടെ "സ്റ്റാറ്റസ്" . അതുകൊണ്ട് ശരീരത്തിനു എന്ത് ദോഷം ചെയ്താലും കോള തന്നെയാണ് നമുക്കു ഇഷ്ടം. ഇങ്ങനെ കുത്തകമുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന നമ്മള്‍ കേര കര്‍ഷകരായ നമ്മുടെ സഹോദരന്മാരെ ആത്മഹത്യയുടെ കയറിന്‍ മുനമ്പിലെക്ക് ആണ് പറഞ്ഞു വിടുന്നതെന്ന് മറക്കാതിരിക്കുക. ഈ മുഷിഞ്ഞു നാറിയ പ്രകടനങ്ങളിലൂടെ നമ്മള്‍ അടിയറവയ്ക്കുന്നത് നമ്മുടെ അഭിമാനമാണ്. കല്പാന്ത കാലം മുന്‍പ് മുതല്‍ക്കേ നമ്മുടെ ശക്തിയും ഊര്‍ജവുമായ നമ്മുടെ അഭിമാനം. ഈ ഊര്‍ജ്ജത്തിനു മുന്‍പിലാണ് വിദേശിയര്‍ക്ക് പലപ്പോഴും മുട്ടു മടക്കേണ്ടി വന്നതെന്ന് ചിന്തിക്കാത്തത് എന്താണ് നമ്മള്‍? വിദേശിയരുടെ ശക്തിയുടെയും കാര്യശേഷിയുടേയും മുന്‍പില്‍ ഒന്നുമല്ലാത്ത നമ്മള്‍ അവരുടെ മുന്‍പില്‍ തലയുയര്‍ത്തി പിടിച്ചു ഞെളിഞ്ഞു നില്ക്കുന്നത് ഈ പൈതൃകത്തിനും സംസ്കാരത്തിനും മുകളിലാണെന്നു മറക്കരുത് നമ്മള്‍. മറന്നാല്‍ അവിടെ തുടങ്ങുകയായി നമ്മുടെ അധ:പ്പതനം.
ഇത്തരം മൂടുപടങ്ങള്‍ക്ക് പുറകില്‍ വ്യവസായ സാമ്രാജ്യം കേട്ടിപ്പടുക്കുന്ന ഒരു ശൃംഖല ഉണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ നേടിയ വിദ്യാഭ്യാസം കൊണ്ടു എന്താണ് പ്രയോജനം? നമ്മളില്‍ അടിമത്ത സംസ്കാരം കുത്തി നിറച്ചു അതിന്റെ പങ്കു പറ്റി തടിച്ചു വീര്‍ക്കുന്ന ഈ വര്‍ഗ്ഗത്തെ തിരിച്ചറിയാന്‍ കഴിയാത്ത(അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ) ഈ സാക്ഷര കേരളം ഇനിയെന്നാണ് അതിനുള്ള ആര്‍ജ്ജവം നേടിയെടുക്കുക?നമുക്ക്‌ വളരെ നല്ല ഒരു സംസ്ക്കാരം ഉണ്ടായിരുന്നു.ലോകത്തിലെ തന്നെ അതി പുരാതനവും മഹത്തരവുമായ ഒന്ന്. അനേകം ശാസ്ത്രങ്ങളും,മതങ്ങളും,തത്വ ചിന്തങ്ങളും ഇവിടെ ഉടലെടുത്തിട്ടുണ്ട്‌. ലോകം അതൊക്കെ അഗീകരിക്കുകയും ചെയ്തിട്ടുണ്ട്‌. പക്ഷേ ഇന്നത്തെ ഇന്ത്യയിലെ സ്ഥിതി വിശേഷങ്ങൾ വീക്ഷിക്കുന്ന ഒരാൾക്ക്‌ നമുക്ക്‌ ഒരു സംസ്ക്കാരം ഉണ്ടായിരുന്നോ എന്ന് തന്നെ സംശയം തോന്നാം.


ആയുർവ്വേദം യതൊരു ദോഷവുമില്ലാത്ത ചികിൽസാചര്യ ആണ്‌. എന്നിട്ട്‌ നിസ്സാരകര്യത്തിനു പോലും എന്തിന്‌ അലോപതിക്ക്‌ പുറകെ പോകുന്നു ? അലോപതിയെ പാടെ തഴയണം എന്നല്ല.

സംഭാരവും,ഇളനീരും അതിവിശിഷ്ടവും ഏതൊരാൾക്കും സേവിക്കാവുന്നതുമാണ്‌. എന്നിട്ടും ദോഷകരമായ കോളകൾ നമ്മുടെ മാർക്കറ്റ്‌ കീഴടക്കുന്നു.


സസ്യാഹാരമാണ്‌ നമ്മുടെ പൈതൃകം. ഇന്ന് കേരളത്തിലെ ഭൂരിഭാഗവും മാസഭുക്കുക്കൾ ആണ്

അതുപോലെ തന്നെ എല്ലാ മതസ്ഥരേയും സംസ്ക്കാരത്തേയും അഗീകരിക്കുന്ന ഒരു സംസ്ക്കാരമായിരുന്നു നമ്മുടേതെ. ഇന്ന് അഹിംശാസിത്താന്തങ്ങൾ കുഴിച്ച്‌ മൂടിയിട്ട്‌ ലഹളകൾ മാത്രമല്ലേ ഉള്ളൂ...

മൊബെയിൽ ഫോണും, ഇന്റർനെറ്റും ഉപയോഗിക്കരുതെന്നല്ല. ഉപകരിക്കുന്നതെന്തും സ്വീകരിക്കതന്നെ വേണം. അന്തമായ അധുനിവൽക്കരണത്തിന്റേയും അനുകരണത്തിന്റേയും പേരിൽ നമ്മടെ നന്മകൾ ബലികഴിക്കരുത്‌ എന്നുമാത്രം..
സമയം വൈകിയിട്ടില്ല. അമ്മയെ ദൈവമായും നാടിനെ പെറ്റമ്മയായും ആരാധിക്കുന്ന നമുക്കു ആരുടെയും ഉച്ചിഷ്ഠം ആവശ്യമില്ല. ഇല്ലായ്മകളിലും അഭിമാനം പണയം വയ്ക്കാത്ത സിംഹത്തിന് ഉള്ള ധർമ്മം മതി നമുക്ക്. കഴുതപ്പുലിയുടെ ജന്മം നമുക്ക് വേണ്ട. സായിപ്പിന്റെ കൈകളിലേക്ക് തന്നെയാണ് നമ്മുടെ നാടിന്റെ പോക്കെന്നു തിരിച്ചറിയുക. ഈ വൈകിയ വേളയിലെങ്കിലും...

ലഹരി വസ്തുക്കളും യുവ തലമുറയും

മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍ പത്രവാര്‍ത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട്‌ ഞെട്ടുകയും ചിലപ്പോള്‍ ഷാപ്പുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. എന്നാല്‍ മയക്കുമരുന്ന്‌ ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നേയില്ല. ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ്‌ മയക്കുമരുന്ന്‌ മൂലം പൊലിയുന്ന ജീവിതങ്ങളുടെ അംഗസംഖ്യ . അവരുടെ പ്രായമോ മുപ്പത്‌ വയസ്സില്‍ താഴെയുമാണ്‌. എന്നാല്‍ ലഹരിമരുന്നുകളുടെ കൂട്ട ദുരന്തങ്ങളുണ്ടാകില്ലെന്നറിയാം. അതാവും മലയാളികള്‍ പൊട്ടിത്തെറിക്കാനും മരുന്ന്‌ വിപണനകേന്ദ്രങ്ങള്‍ അടിച്ചുതകര്‍ക്കാനും ഒരുമ്പെടാത്തത്‌....?

പുകവലി ശീലം കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ്‌ കണക്കുകള്‍. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന്‌ ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന്‌ അഭയമായി മാറുന്നുണ്ട്‌. നേരത്തെ അന്‍പത്‌ വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാലാണ്‌. പതിനാലാം വയസില്‍ ഒരാള്‍ ലഹരിക്കടിമയായി മാറണമെങ്കില്‍ അവന്‍ ഏതുകാലത്തു തുടങ്ങിയിട്ടുണ്ടാകണം ഈ ശീലം...?.

 ഇത്‌ 2010ലെ സര്‍വേഫലമാണ്‌. പത്ത്‌ ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ ഈ സര്‍വേയില്‍ തെളിഞ്ഞത്‌ പത്തുവര്‍ഷത്തിനിടെ കൗമാരക്കാരുടെ മദ്യപാനത്തിന്റെ തോത്‌ 100 ശതമാനം കണ്ട്‌ വര്‍ധിച്ചിരിക്കുന്നു എന്നാണ്‌. 15നും 19നും ഇടയില്‍ പ്രായമുള്ള 2000പേരാണ്‌ സര്‍വേയില്‍ പങ്കെടുത്തത്‌. അഞ്ചില്‍ ഒരാള്‍ മദ്യം കഴിക്കുന്നു. (65 ശതമാനം). പത്തില്‍ മൂന്നുപേര്‍ പഴവര്‍ഗങ്ങളുടെ രുചിയുള്ള മദ്യം ഉപയോഗിക്കുന്നു. 32 ശതമാനം പേര്‍ അസ്വസ്ഥതയില്‍ നിന്ന്‌ മുക്തിനേടാനായി മദ്യത്തില്‍ അഭയം തേടുമ്പോള്‍ 46 ശതമാനം ലക്ഷ്യം വെക്കുന്നത്‌ അടിച്ച്‌ പൂസാകുക എന്നതാണ്‌.


 ബോറഡിമാറ്റാനാണ്‌ 15 ശതമാനം മദ്യപിക്കുന്നത്‌. 45 ശതമാനം കുട്ടികളും പ്ലസ്‌ടുതലത്തിലെത്തുമ്പോള്‍ തന്നെ മാസത്തില്‍ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. മെട്രോ നഗരങ്ങളിലെ കുട്ടികള്‍ പ്രതിവര്‍ഷം 3500നും 4500നും ഇടയില്‍ രൂപ മദ്യപിക്കാനായി ചെലവഴിക്കുന്നു. 40ശതമാനം പെണ്‍കുട്ടികള്‍ക്കും 15നും 17നും ഇടയിലുള്ള പ്രായത്തില്‍ ആദ്യത്തെ മദ്യപാനാനുഭവമുണ്ടാകുന്നു.
പ്രണയദിനം, ജന്മദിനം, സെന്റോഫ്‌ മറ്റു ആഘോഷവേളകളിലൂടെയാണ്‌ 70 ശതമാനമാളുകളും അരങ്ങേറ്റം കുറിക്കുന്നത്‌. ഇങ്ങനെ പോകുന്നു ദ അസോസിയേറ്റഡ്‌ ചേംമ്പേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ഇന്ത്യയുടെ സോഷ്യല്‍ ഡവലപ്പ്‌മെന്റ്‌ ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലെ വിവരങ്ങള്‍. പത്ത്‌ ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തില്‍ നിന്ന്‌ കൊച്ചിയെയാണ്‌ അവര്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കേരളത്തിലെ മറ്റുനഗരങ്ങളുടെ കഥകളും ഇതില്‍നിന്നും ഒട്ടും വിഭിന്നമല്ലെന്ന്‌ സമീപകാലാനുഭവങ്ങള്‍ പറയുന്നു.

മദ്യപാനം മാത്രമല്ല അതിനേക്കാള്‍ ഭീകരമാണ്‌ മയക്കുമരുന്നിന്റെ ഉപയോഗം. അതില്‍ തന്നെ പുതിയപരീക്ഷണങ്ങള്‍ നടത്താന്‍ കൗ മാരക്കാര്‍ ഒരുക്കമാകുന്നു. ലഹരിയുടെ മായികലോകത്തേക്കുള്ള വാതായനങ്ങള്‍ അവര്‍ക്കുമുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയുമാണ്‌.




. സംസ്ഥാനത്തെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ്‌ മയക്കുമരുന്ന് വ്യാപാരം.. വില്‍ക്കാനും വാങ്ങാനും ഹോള്‍സെയിലായി കൊണ്ടുവരുന്നതിനും വിദ്യാര്‍ഥികള്‍. ചരട്‌ വലിക്കാന്‍മാത്രം അന്തര്‍ സംസ്ഥാന റാക്കറ്റുകള്‍. വിപണനത്തിന്‌ ഹൈടെക്‌ സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ നമ്മള്‍ എത്രകണ്ട്‌ മനസിലാക്കിയിട്ടുണ്ട്‌...? 





45ശതമാനം കുട്ടികളും അവരുടെ ഒഴിവുവേളകള്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന്‌ രക്ഷിതാക്കള്‍ അറിയുന്നേയില്ല. വിനോദയാത്രക്കും മറ്റും പോകുന്നതിനിടയില്‍ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍പെട്ട്‌ മരിക്കുന്നവാര്‍ത്ത പത്രങ്ങളില്‍ വല്ലാതെ നിറയുന്നു. പക്ഷെ മരണത്തിനിരയാകുന്നവരില്‍ മിക്കവരും മദ്യലഹരിയിലാണ്‌ മരണപ്പെട്ടതെന്നകാര്യം മൂടിവെക്കപ്പെടുകയാണ്‌ ചെയ്യുന്നതെന്നാണ്‌  .





മയക്കുമരുന്നിന്‌ അടിമയായിമാറുന്ന വ്യക്തിക്ക്‌ വിവേകവും ഗുണദോഷ ചിന്താശക്തിയും നഷ്‌ടപെടുന്നതോടെ അത്യാഹിതങ്ങളില്‍ എളുപ്പത്തില്‍ ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്‌. സാമൂഹിക, കുടുംബ ബന്ധങ്ങളില്‍ നിന്നും അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിര്‍ബന്ധിതനാകുന്നു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ വൈദ്യശാസ്‌ത്രപരമായി ചികിത്സിച്ചുമാറ്റാന്‍ ഇന്ന്‌ സംവിധാനങ്ങളുണ്ട്‌. വൈദ്യശാസ്‌ത്ര മനശാസ്‌ത്ര സംയുക്ത ചികിത്സകൊണ്ട്‌ മാത്രമെ ഒരാള്‍ക്ക്‌ ഈ അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാധിക്കൂ.
മയക്കുമരുന്നിനടിമയാവുകയെന്നത്‌ ഒരുരോഗമാണ്‌. രോഗിയെ സമാധാനിപ്പിക്കുകയും അയാള്‍ക്ക്‌ നഷ്‌ടപ്പെട്ടുപോയ ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ്‌ സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. പ്രശ്‌നങ്ങളെ പര്‍വതീകരിക്കരുത്‌. എന്നാല്‍ ഉള്ള സത്യത്തെ അംഗീകരിക്കുകയും അതെക്കുറിച്ച്‌ ഉണര്‍ന്ന്‌ ചിന്തിക്കുകയും ചെയ്യുക. അതിന്‌ ശേഷം പരിഹാരമാലോചിക്കുക. ലഹരിക്കടിമകളായവരെ യാഥാര്‍ഥ്യത്തിന്റെ മുമ്പിലേക്കെത്തിക്കുക. ഒരിക്കലും പരിഹാരം അകലെയല്ല. നാളെത്തെ തലമുറയുടെ നല്ല ഭാവിക്കുവേണ്ടി നമുക്ക്‌ അതേ ചെയ്യാനുള്ളൂ..

Saturday, 9 May 2015

അമ്മ ദിനം

മെയ് 10, മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, അമ്മമാര്‍ക്ക് വേണ്ടി മാറ്റിവച്ച ദിനം- മാതൃദിനം (M0ther's Day). അമേരിക്കയിലാണ് അമ്മമാര്‍ക്കായി പ്രത്യേക ദിനം ആചരിക്കാന്‍ തുടങ്ങിയത്. പിന്നീട് മറ്റെല്ലാ രാജ്യങ്ങളിലെയും എന്ന പോലെ ഇന്ത്യയിലും അതൊരു ആഘോഷദിനമായി. അളവറ്റ സ്‌നേഹം അമ്മയ്ക്ക് നല്‍കി ആ ജീവദാതാവിനെ പ്രമാണമര്‍പ്പിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അമ്മമാര്‍ക്കായുള്ള പ്രണാമവും ആശംസകളും നിറഞ്ഞൊഴുകുകയാണ്. ഒരു തലത്തില്‍ ഇന്ന് അമ്മ ദിനം ആഘോഷിക്കുന്നത് ഇത്തരം സോഷ്യല്‍ മീഡിയകളാണല്ലോ. യഥാര്‍ത്ഥ പുത്ര/പുത്രി സ്‌നേഹം കാണണമെങ്കില്‍ നാള്‍ക്കുനാള്‍ ഉയരുന്ന അമ്മത്തൊട്ടിലുകളുടെയും വൃദ്ധസദകളുടെയും എണ്ണമെടുത്താല്‍ മാത്രം മതി. മാതൃത്വം വാടകയ്‌ക്കെടുക്കുന്നവരും തെരുവില്‍ പിച്ചിച്ചീന്തുന്നവരും വേറെ......ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. 'മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്കളുടെ കണ്ണനിറയുമ്പോള്‍ നിന്റെ നാശത്തിലേക്കുള്ള ആദ്യ പടി നീ ചവിട്ടുന്നുവെന്നോര്‍മ്മിക്കുക'യെന്ന് കവി പാടിയത് ഇന്നിവിടെ അര്‍ത്ഥവത്താണ്. എന്തുതന്നെയായാലും ഒരു വിളിപ്പാടകലെ, കൈയ്യെത്തും ദൂരത്ത്, നിറപുഞ്ചിരിയോടെ സര്‍വ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞ് അമ്മയെന്ന സത്യം നമുക്കൊപ്പമുണ്ട്, സ്‌നേഹ സ്പര്‍ശമായി തലോടല്‍ പോലെ. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഈ ഒരു ദിവസം അമ്മയ്‌ക്കൊരു സ്‌നേഹസമ്മാനം കൈമാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതെന്തായിരിക്കും??. അവര്‍ തന്നതും തന്നുകൊണ്ടിരിക്കുന്നതുമായ സ്‌നേഹത്തിന് പകരമാകില്ല ഒന്നും എന്നറിയുമ്പോഴും ഒരു സന്തോഷത്തിന് എന്തെങ്കിലും സമ്മാനിക്കാം. അമ്മയ്‌ക്കൊരു സ്‌നേഹസമ്മാനം, നല്ല വാക്കുകളല്ലാതെ മറ്റെന്താണ്...

Sunday, 3 May 2015

ചിരി ദിനം


  ചിരി.....മനുഷ്യനു മാത്രം ലഭിച്ച വരദാനമാണ്... ദൈവം വളരെ ലുബ്ദിച്ചാണ് അത് മനുഷ്യർക്കിടയിൽ വിതരണം ചെയ്തത്...  ഒരു തരിപോലും ചൊർത്തിക്കളയാതെ അതിനെ നുകരുന്നതാണ് ജീവിതത്തിൽ ധന്യ നിമിഷങ്ങളെ സൃഷ്ട്ടിക്കുന്നത്.... നമുക്ക് ചിരിക്കാം ......അതിനാവുംപോഴെല്ലാം