Saturday, 9 May 2015

അമ്മ ദിനം

മെയ് 10, മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, അമ്മമാര്‍ക്ക് വേണ്ടി മാറ്റിവച്ച ദിനം- മാതൃദിനം (M0ther's Day). അമേരിക്കയിലാണ് അമ്മമാര്‍ക്കായി പ്രത്യേക ദിനം ആചരിക്കാന്‍ തുടങ്ങിയത്. പിന്നീട് മറ്റെല്ലാ രാജ്യങ്ങളിലെയും എന്ന പോലെ ഇന്ത്യയിലും അതൊരു ആഘോഷദിനമായി. അളവറ്റ സ്‌നേഹം അമ്മയ്ക്ക് നല്‍കി ആ ജീവദാതാവിനെ പ്രമാണമര്‍പ്പിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അമ്മമാര്‍ക്കായുള്ള പ്രണാമവും ആശംസകളും നിറഞ്ഞൊഴുകുകയാണ്. ഒരു തലത്തില്‍ ഇന്ന് അമ്മ ദിനം ആഘോഷിക്കുന്നത് ഇത്തരം സോഷ്യല്‍ മീഡിയകളാണല്ലോ. യഥാര്‍ത്ഥ പുത്ര/പുത്രി സ്‌നേഹം കാണണമെങ്കില്‍ നാള്‍ക്കുനാള്‍ ഉയരുന്ന അമ്മത്തൊട്ടിലുകളുടെയും വൃദ്ധസദകളുടെയും എണ്ണമെടുത്താല്‍ മാത്രം മതി. മാതൃത്വം വാടകയ്‌ക്കെടുക്കുന്നവരും തെരുവില്‍ പിച്ചിച്ചീന്തുന്നവരും വേറെ......ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. 'മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്കളുടെ കണ്ണനിറയുമ്പോള്‍ നിന്റെ നാശത്തിലേക്കുള്ള ആദ്യ പടി നീ ചവിട്ടുന്നുവെന്നോര്‍മ്മിക്കുക'യെന്ന് കവി പാടിയത് ഇന്നിവിടെ അര്‍ത്ഥവത്താണ്. എന്തുതന്നെയായാലും ഒരു വിളിപ്പാടകലെ, കൈയ്യെത്തും ദൂരത്ത്, നിറപുഞ്ചിരിയോടെ സര്‍വ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞ് അമ്മയെന്ന സത്യം നമുക്കൊപ്പമുണ്ട്, സ്‌നേഹ സ്പര്‍ശമായി തലോടല്‍ പോലെ. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഈ ഒരു ദിവസം അമ്മയ്‌ക്കൊരു സ്‌നേഹസമ്മാനം കൈമാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതെന്തായിരിക്കും??. അവര്‍ തന്നതും തന്നുകൊണ്ടിരിക്കുന്നതുമായ സ്‌നേഹത്തിന് പകരമാകില്ല ഒന്നും എന്നറിയുമ്പോഴും ഒരു സന്തോഷത്തിന് എന്തെങ്കിലും സമ്മാനിക്കാം. അമ്മയ്‌ക്കൊരു സ്‌നേഹസമ്മാനം, നല്ല വാക്കുകളല്ലാതെ മറ്റെന്താണ്...


No comments:

Post a Comment