Wednesday, 3 December 2014

യുവത്വം നിലനിര്‍ത്താന്‍ എട്ട്‌ വഴികള്‍

മനുഷ്യനെപ്പോഴും പ്രായത്തെ പഴിചാരാറുണ്ട്‌. കാരണം യുവത്വവും സൗന്ദര്യവും ഇല്ലാതെയാകുമെന്നതാണ്‌. യുവത്വം നിലനിര്‍ത്താന്‍ പ്രായമൊരു ഘടകമേയല്ലായെന്നു തിരിച്ചറിയൂ.
ഓരോ ജന്മദിനങ്ങളും കഴിയുമ്പോള്‍ ഓര്‍ക്കാറില്ലേ, ഓ എനിക്ക്‌ ഒരു വയസു കൂടിയിരിക്കുന്നു. പ്രായമേറാന്‍ ആഗ്രഹിക്കുന്നവരെക്കാള്‍ പ്രായം കുറയാന്‍ ആഗ്രഹിക്കുന്നവരാണ്‌ എല്ലാവരും. പ്രായമേറിയാല്‍ യുവത്വം നഷ്‌ടപ്പെടും ഇത്‌ പ്രകൃതിയുടെ നിയമമാണ്‌. എന്നാല്‍ പ്രായമേറിയാലും മനസിലും ശരീരത്തിലും യുവത്വം സൂക്ഷിക്കാന്‍ കഴിയുന്നവരായി ഒട്ടേറെപ്പേരുണ്ട്‌ നമുക്കിടയില്‍. യുവത്വം കാത്തുസൂക്ഷിക്കാനുള്ള കുറുക്കുവഴികളിലേക്ക്‌....

വ്യത്യസ്‌ത ചിന്താഗതി

മനുഷ്യനെപ്പോഴും വ്യത്യസ്‌ത ചിന്താഗതികളിലൂടെ കടന്നുപോകണം. നൂതനചിന്തകളും ആശയങ്ങളും ഓരോരുത്തരുമായി പങ്കുവയ്‌ക്കുമ്പോള്‍ യുവത്വം നമ്മെ തേടിയെത്തും. ചിന്തകളുടെയും ആശയങ്ങളുടെയും ലോകത്തിനൊപ്പം വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളും തേടിപ്പോകാം. വ്യത്യസ്‌തമേഖലകളിലെ ജോലികള്‍ പഠിക്കാം. വ്യത്യസ്‌തമേഖലകളില്‍ ജോലി ചെയ്യുന്നവരുമായി ആശയവിനിമയം നടത്താം. വിവിധരൂപങ്ങളിലും രുചികളിലുമുള്ള ഭക്ഷണം കഴിക്കാം. ഇങ്ങനെ വ്യത്യസ്‌തതയോടെ ഒന്നു ചിന്തിച്ചുനോക്കൂ യുവത്വം നിങ്ങളെ തേടിയെത്തും.

വ്യായാമം ചെയ്യാം

വ്യത്യസ്‌ത ചിന്താഗതികള്‍ക്കൊപ്പം വ്യായാമം കൂടി പരീക്ഷിച്ചുനോക്കാം. ശരീരത്തില്‍ ദൃഢതയുണ്ടാകും. വണ്ണം കൂടുതലാണ്‌ എന്നു തോന്നുന്നവര്‍ക്ക്‌ ആവശ്യത്തിന്‌ മാത്രമുള്ള വണ്ണം ക്രമീകരിക്കാം. ശരീരഭാരം കുറയ്‌ക്കാം ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശാരീരികമായും മാനസികമായുമുള്ള ആരോഗ്യം ലഭിക്കും. അതിനൊപ്പം സൗന്ദര്യം നിലനിര്‍ത്തി നിങ്ങളുടെ യുവത്വം കാത്തുസൂക്ഷിക്കാം.

ആരോഗ്യകരമായ ഭക്ഷണരീതി

പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതല്‍ കഴിക്കുന്നതിലൂടെ യുവത്വം നിലനിര്‍ത്താന്‍ കഴിയും. എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണം ആഹാരത്തില്‍നിന്ന്‌ കഴിയുന്നതും ഒഴിവാക്കി നോക്കൂ. ശരീരത്തിന്‌ ഏറെയാവശ്യം ശുദ്ധജലമാണ്‌. ഓരോ മണിക്കൂറുകള്‍ക്കുശേഷം രണ്ടുഗ്ലാസ്‌ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം വാരിവലിച്ചു കഴിക്കുന്നതിനു പകരം ആസ്വദിച്ചു കഴിച്ചുനോക്കൂ. നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കേണ്ടത്‌ നിങ്ങള്‍ മാത്രമാണ്‌. ആരോഗ്യപരമായ ഭക്ഷണരീതിയില്‍ക്കൂടി യുവത്വം നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന്‌ ഇനി പരീക്ഷിച്ചു നോക്കില്ലേ?

യോഗ

യോഗ മനസിലും ശരീരത്തിലും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ്‌. പഠിക്കുന്നവരാണെങ്കില്‍ പഠനത്തിന്‌ അല്‌പംമുമ്പ്‌ യോഗ ഒന്നു പരീക്ഷിച്ചുനോക്കൂ. മനസ്‌ നമുക്കൊപ്പം ചലിക്കും. ഇത്‌ പഠനത്തെ ഏറെ സഹായിക്കും. ഒപ്പം യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. യോഗ സ്വയം പരീക്ഷിക്കാന്‍ സാധിക്കില്ല. അതുകൊണ്ട്‌ തന്നെ യോഗയില്‍ പരിശീലനം നേടിയ വ്യക്‌തിയോടൊപ്പം പഠിച്ചതിനുമാത്രം യോഗ പരീക്ഷിച്ചുനോക്കൂ. മനസിലും ശരീരത്തിലും ഒരു പുത്തനുണര്‍വ്‌ പ്രകടമാകുകതന്നെ ചെയ്യും.

സംഗീതം ആസ്വദിക്കാം

സംഗീതം രോഗങ്ങള്‍ക്കുപോലുമുള്ള ഒറ്റമൂലിയാണ്‌. കടന്നുപോയ സുഖകരമായ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം. ജീവിതത്തില്‍ എപ്പോഴും ഓര്‍മ്മകള്‍ കൂട്ടായുണ്ടാകും. നല്ല ഒഒര്‍മ്മകളെ നിലനിര്‍ത്തുന്നത്‌ നല്ല പാട്ടുകളാണ്‌. സ്‌കൂള്‍, കോളജ്‌ കാലഘട്ടങ്ങള്‍ അന്നു കണ്ട സിനിമ, പാട്ട്‌, ആദ്യപ്രണയം ഇതൊക്കെ പലപ്പോഴും ഒരു നവ്യാനുഭവമായിരിക്കും. അതുകൊണ്ട്‌ തന്നെ സംഗീതം യുവത്വം നിലനിര്‍ത്തുന്ന ഒരൊറ്റമൂലിയാണ്‌. കടന്നുപോയ നിമിഷങ്ങള്‍ക്കൊപ്പം വരുവാനുള്ള നല്ല നിമിഷങ്ങളെ/ ഓര്‍മ്മകളെ സ്വാഗതം ചെയ്യുകകൂടിയാണ്‌ ഓരോ സംഗീതവും.

ബി പോസിറ്റീവ്‌

ചിന്തകള്‍ എപ്പോഴും പോസിറ്റീവായിരിക്കണം. എന്നാല്‍ മാത്രമേ ജീവിക്കാനുള്ള ആഗ്രഹം നമ്മുടെ ഓരോരുത്തരുടെയും മനസിലുണ്ടാകുകയുള്ളൂ. നല്ല ചിന്തകളാണ്‌ നമ്മുടെ ജീവിതം ഭാഗ്യകരമാക്കുന്നത്‌. 'വരുന്നതെല്ലാം നല്ലതിന്‌ വരാനിരിക്കുന്നതും നല്ലതിന്‌' ഇത്തരത്തില്‍ നമ്മുടെ മനസിനെ മുന്നോട്ടു നയിക്കൂ. ഭൂമിയിലുള്ളതെല്ലാം നല്ലതിനായിരുന്നെങ്കില്‍ നാം ജീവിക്കുന്നതില്‍ എന്തായിരിക്കാം അര്‍ഥം. പോസിറ്റീവ്‌ ചിന്തകളാണ്‌ നമ്മുടെ യുവത്വം നിലനിര്‍ത്താനേറെ സഹായിക്കുന്നത്‌.

നല്ലയുറക്കം

യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു പോംവഴിയാണ്‌ നല്ലയുറക്കം. ആ ഉറക്കം രാത്രിയിലാക്കുന്നതാണ്‌ ഏറെ നല്ലത്‌. കാരണം പകലത്തെ ടെന്‍ഷനെ ഉപേക്ഷിച്ച്‌ ശാന്തമായുറങ്ങാനുള്ള സമയമാണ്‌ രാത്രി. 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാക്കണം. പഠിക്കുന്ന കുട്ടികളില്‍ അധികംപേരും ഉറക്കം കളഞ്ഞ്‌ പഠിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ഇത്‌ നിങ്ങളുടെ ശാരീരികക്ഷമതയെ കുറയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ യുവത്വം നിങ്ങളില്‍നിന്ന്‌ കൈവിട്ട്‌ പോകാതിരിക്കാന്‍ നന്നായി ഉറങ്ങാന്‍ ഇനി ശ്രമിക്കുമല്ലോ.

സൗന്ദര്യസംരക്ഷണം

മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചുകാണുമല്ലോ. ഇനി അവസാന പടിയിലേക്ക്‌ കടക്കാം. നിങ്ങളുടെ മുഖസംരക്ഷണമാണ്‌ അവസാനം. ഓരോരുത്തരുടെയും ചര്‍മ്മത്തിന്‌ ചേരുന്ന ക്രീമുകളും പൗഡറുകളും ഉപയോഗിക്കണം. ആറുമാസത്തില്‍ ഒരിക്കലോ 8 മാസത്തില്‍ ഒരിക്കലോ മുഖം ക്ലീന്‍ ചെയ്യുകയും ഫേഷ്യല്‍ ചെയ്യുകയും ചെയ്യുന്നതായിരിക്കും ഉചിതം. യുവത്വം നിലനിര്‍ത്താനുള്ള പ്രധാന ഘടകം തന്നെയാണ്‌ സൗന്ദര്യസംരക്ഷണം.സൗന്ദര്യമെന്നത്‌ നൈമിഷകമാണ്‌. സെക്കന്റുകള്‍കൊണ്ടോ മിനിറ്റുകള്‍കൊണ്ടോ നഷ്‌ടമാവുന്ന ജീവിതത്തിലെ ഒരു ഘടകം മാത്രം. എന്നാല്‍ ജീവിക്കുന്ന കാലത്തോളം ആ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കാന്‍, യുവത്വം നിലനിര്‍ത്താന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം. ഓരോ ജന്മദിനങ്ങള്‍ക്കുംശേഷം ഇനി പ്രായമേറുന്നു എന്ന പരാതി വേണ്ട. യുവത്വം നാം സൃഷ്‌ടിക്കുന്നതാണ്‌. അത്‌ ഏത്‌ പ്രായത്തിലും നിലനിര്‍ത്താന്‍ കഴിയും.

No comments:

Post a Comment